2010, ജനുവരി 21, വ്യാഴാഴ്‌ച

അവള്‍



അവള്‍
ഏകകോശ ജീവിയായ് എന്നെ വഹിച്ച്,
ജീവന്‍റെ അമൃതൂട്ടി
ഇടറിയ പാദങ്ങളെ താങ്ങി നടത്തി
ആ നേര്യതിനു പിന്നില്‍ ഒളിച്ച് ഞാന്‍
ലോകത്തിന്‍റെ വെളിച്ചത്തിലേക്ക് മിഴി നീട്ടി....

അവള്‍
ഏട്ടനെന്നു വിളിച്ചു ചിണുങ്ങി,
കളിപ്പാട്ടത്തിനു വാശിപിടിച്ചവള്‍
വാരിയെടുക്കാത്തതിന്,
മുഖം വീര്‍പ്പിച്ചവള്‍....

അവള്‍
സ്ളേറ്റിലെ അക്ഷരങ്ങളെ മാച്ചുകളയുവാന്‍
മഷിതണ്ട് നീട്ടി, കണ്ണീര്‍ പുരണ്ട കവിള്‍തടങ്ങളെ
തുടച്ചു തന്ന്, ഒഴുക്കുള്ള ഇടത്തോട് മുറിച്ചു കടക്കുവാന്‍
കൈപിടിച്ചവള്‍.....


അവള്‍
എന്നെ സ്വപ്നം കാണാന്‍ പടിപ്പിച്ചവള്‍
വര്‍ഷകാല രാത്രിയില്‍ എനിക്ക്
പുതച്ചുറങ്ങാന്‍ പ്രണയത്തിന്‍റെ
പുതപ്പു നല്‍കിയവള്‍......

അവള്‍
എന്‍റെ ചായക്കടുപ്പങ്ങളിലേക്ക്
അലിഞ്ഞു ചേര്‍ന്ന് സ്വന്തം
ഇഷ്ട്ടങ്ങള്‍ മറന്നു പോയവള്‍
സുഖദുഖങ്ങള്‍
പങ്കിട്ടെടുത്തു പ്രാണന്‍റെ പാതിയായവള്‍ ......

അവള്‍
അച്ഛാ..എന്നു വിളിച്ച്
ജീവനില്‍ കുളിര്‍ കോരിയിട്ടവള്‍
കൊച്ചരി പല്ലുകൊണ്ടെന്നെ
പതിയെ കടിച്ചവള്‍
ജീവിതാര്‍ത്ഥങ്ങള്‍ നെല്‍കിയവള്‍.

എന്നിട്ടും
എന്നിട്ടും എന്താണ് ഞാന്‍ ഇന്നത്തെ
ന്യൂസ്പേപ്പറിലെ
മൂന്ന് വയസുകാരിയെ പീഢിപ്പിച്ച
രണ്ടുകോള വാര്‍ത്ത‍
നിര്‍വികാരതയോടെ വായിച്ചത്?

2009, ഡിസംബർ 28, തിങ്കളാഴ്‌ച

തിരിച്ചറിവുകള്‍



പറയുവാന്‍ തുടങ്ങിയ വാചകങ്ങളെ
മൗനത്തില്‍ പൊതിഞ്ഞു
പറയാതെ പറഞ്ഞ തിരിച്ചറിവായിരുന്നു നമ്മുടെ
പ്രണയം.....

വേനലുരുക്കി ചുമന്നു പൂക്കുന്ന
ഗുല്‍മോഹര്‍ പൂക്കള്‍ക്ക് താഴെ
ഒരു മഞ്ഞുകാലം വെളുത്തപൂക്കള്‍ നല്‍കുന്ന
ഗുല്‍മോഹറിനെ സ്വപ്നം കാണുന്ന ആര്‍ദ്രതയായിരുന്നു
നമ്മുടെ പ്രണയം.......

മഴ പെയ്ത സായന്തനത്തില്‍ രണ്ടു വീഥികളിലൂടെ
നടന്നു മറയുമ്പോഴും ഒന്നായിചേര്‍ന്നിരുന്നു
ചൂടു പകര്‍ന്ന സ്വപ്നങ്ങളായിരുന്നു
നമ്മുടെ പ്രണയം....

പിരിയുമെന്ന തിരിച്ചരിവിലും ഉരുകി ചേര്‍ന്നു
ഒന്നായ രണ്ടു ഹൃദയങ്ങളുടെ നൊമ്പരമായിരുന്നു
നമ്മുടെ പ്രണയം.

കാത്തിരിപ്പുകള്‍ അവശേഷിക്കുന്നില്ലെന്ന തിരിച്ചരിവിലും
അണക്കാന്‍ മറന്ന ദീപനാളമായിരുന്നു
നമ്മുടെ പ്രണയം.....

2009, ഡിസംബർ 23, ബുധനാഴ്‌ച

ചവര്‍പ്പ്




നിശ്ചല പങ്കകള്‍
എന്നെ എപ്പോഴും
അതുമായി ഉണ്ടാക്കാവുന്ന
ഒരു ഒറ്റകുടുക്കിന്‍റെ
കരാറിനെ ഓര്‍മിപ്പിക്കാറുണ്ട്

ആഴങ്ങളില്‍ നീലനിറങ്ങള്‍
ഒളിപ്പിക്കുന്ന ജലാശയങ്ങള്‍
എന്നെ,
ആരും കാണാത്ത പവിഴപുറ്റിന്‍െ
കഥ പറഞ്ഞു പ്രലോഭിപ്പിക്കാറുണ്ട്

അലമാരയിലെ കള്ളികളില്‍
വെളുത്ത ഗുളികകള്‍
എന്നോട് ഒരിക്കലും
ഉണരാത്ത ഉറക്കത്തിന്‍റെ
താരാട്ടാകമെന്നു പതിയെ പറയാറുണ്ട്

പാഞ്ഞടുക്കുന്ന വണ്ടിചക്രങ്ങള്‍
ഒരു ചുമന്ന പൂക്കളത്തിന്‍റെ
കൊതി പടര്‍ത്താറുണ്ട്

ജീവിതത്തിന്‍റെ പിന്‍ ഇടവഴികളിലൂടെ
ഓടി മുന്നിലെത്തി
വിജയിക്കുവാന്‍
ഇടയില്‍ തോന്നാറുണ്ടെങ്കിലും
എനിക്കതിലും ഇഷ്ട്ടം
ജീവിതത്തിന്‍റെ ചവര്‍പ്പായതുകൊണ്ട്
ഞാനിങ്ങനെ മുടന്തി
ജീവിതത്തോടൊപ്പം.....