2010, ജനുവരി 21, വ്യാഴാഴ്‌ച

അവള്‍അവള്‍
ഏകകോശ ജീവിയായ് എന്നെ വഹിച്ച്,
ജീവന്‍റെ അമൃതൂട്ടി
ഇടറിയ പാദങ്ങളെ താങ്ങി നടത്തി
ആ നേര്യതിനു പിന്നില്‍ ഒളിച്ച് ഞാന്‍
ലോകത്തിന്‍റെ വെളിച്ചത്തിലേക്ക് മിഴി നീട്ടി....

അവള്‍
ഏട്ടനെന്നു വിളിച്ചു ചിണുങ്ങി,
കളിപ്പാട്ടത്തിനു വാശിപിടിച്ചവള്‍
വാരിയെടുക്കാത്തതിന്,
മുഖം വീര്‍പ്പിച്ചവള്‍....

അവള്‍
സ്ളേറ്റിലെ അക്ഷരങ്ങളെ മാച്ചുകളയുവാന്‍
മഷിതണ്ട് നീട്ടി, കണ്ണീര്‍ പുരണ്ട കവിള്‍തടങ്ങളെ
തുടച്ചു തന്ന്, ഒഴുക്കുള്ള ഇടത്തോട് മുറിച്ചു കടക്കുവാന്‍
കൈപിടിച്ചവള്‍.....


അവള്‍
എന്നെ സ്വപ്നം കാണാന്‍ പടിപ്പിച്ചവള്‍
വര്‍ഷകാല രാത്രിയില്‍ എനിക്ക്
പുതച്ചുറങ്ങാന്‍ പ്രണയത്തിന്‍റെ
പുതപ്പു നല്‍കിയവള്‍......

അവള്‍
എന്‍റെ ചായക്കടുപ്പങ്ങളിലേക്ക്
അലിഞ്ഞു ചേര്‍ന്ന് സ്വന്തം
ഇഷ്ട്ടങ്ങള്‍ മറന്നു പോയവള്‍
സുഖദുഖങ്ങള്‍
പങ്കിട്ടെടുത്തു പ്രാണന്‍റെ പാതിയായവള്‍ ......

അവള്‍
അച്ഛാ..എന്നു വിളിച്ച്
ജീവനില്‍ കുളിര്‍ കോരിയിട്ടവള്‍
കൊച്ചരി പല്ലുകൊണ്ടെന്നെ
പതിയെ കടിച്ചവള്‍
ജീവിതാര്‍ത്ഥങ്ങള്‍ നെല്‍കിയവള്‍.

എന്നിട്ടും
എന്നിട്ടും എന്താണ് ഞാന്‍ ഇന്നത്തെ
ന്യൂസ്പേപ്പറിലെ
മൂന്ന് വയസുകാരിയെ പീഢിപ്പിച്ച
രണ്ടുകോള വാര്‍ത്ത‍
നിര്‍വികാരതയോടെ വായിച്ചത്?